അഴിമതിക്കേസിൽ ബി.ജെ.പി എം.എൽ.എക്ക് അതിവേഗ ജാമ്യം: വിമർശനം വ്യാപകം
text_fieldsബംഗളൂരു: ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയായ കർണാടക ബി.ജെ.പി എം.എൽ.എ മദാൽ വിരുപക്ഷപ്പക്ക് അതിവേഗം ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ വ്യാപകവിമർശനം. സാധാരണഗതിയിൽ മുൻകൂർ ജാമ്യ നടപടികൾക്കായി ഹൈകോടതി ദിവസങ്ങളും ആഴ്ചകളും എടുക്കുമെന്നിരിക്കേ, വിരുപക്ഷപ്പയുടെ ജാമ്യഹരജി ഒരു ദിവസത്തിനുള്ളിലാണ് കോടതി കേട്ടതെന്ന് ബംഗളൂരു അഡ്വക്കറ്റ്സ് അസോസിയേഷൻ ആരോപിച്ചു.
സാധാരണ ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥകളിൽ വിശ്വാസം നഷ്ടപ്പെടാൻ ഇത് ഇടയാക്കും. കോടതികൾ എം.എൽ.എമാരെയും സാധാരണക്കാരെ പോലെയാണ് പരിഗണിക്കേണ്ടത്.
ഇനി മുതൽ എല്ലാ മുൻകൂർ ജാമ്യാപേക്ഷകളിലുള്ള നടപടികളും ഒറ്റദിനം കൊണ്ട് പൂർത്തിയാക്കണമെന്ന് ഹൈകോടതിക്ക് നിർദേശം നൽകണമെന്ന് ചീഫ് ജസ്റ്റിസിനോട് അസോസിയേഷൻ ആവശ്യപ്പെട്ടു. എങ്കിൽ മാത്രമേ നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാകൂ.
മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ കോൺഗ്രസും രംഗത്തെത്തി. ബി.ജെ.പി സർക്കാറിന്റെ പിന്തുണയുള്ളതുകൊണ്ട് മാത്രമാണ് ജാമ്യം ലഭിച്ചതെന്ന് കോൺഗ്രസ് എം.എൽ.എ രാമലിംഗ റെഡ്ഡി കുറ്റപ്പെടുത്തി. വിരുപക്ഷപ്പയെ ബി.ജെ.പി സസ്പെന്റ് ചെയ്തിട്ടില്ല. അത് അവരുടെ സംസ്കാരമാണ്.
സർക്കാർ മൊത്തത്തിൽതന്നെ അഴിമതിയിൽ മുങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കർണാടക സോപ്സ് ആൻഡ് ഡിറ്റർജൻറ്സ് ലിമിറ്റഡിലെ (കെ.എസ്.ഡി.എൽ) ചെയർമാനായിരുന്ന വിരുപക്ഷപ്പ അസംസ്കൃതവസ്തുക്കളുടെ കരാറിന് കൈക്കൂലി വാങ്ങിയതായാണ് ലോകായുക്തയുടെ കണ്ടെത്തൽ.
വിരുപക്ഷപ്പക്ക് വേണ്ടി മകൻ പ്രശാന്ത് മദാൽ 40 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റുന്നതിനിടെ ലോകായുക്ത പൊലീസ് കൈയോടെ പിടികൂടിയിരുന്നു. കേസിൽ രണ്ടാം പ്രതിയാണ് ബി.ഡബ്ല്യു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് കൂടിയായ പ്രശാന്ത് മദാൽ. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 8.02 കോടി രൂപയാണ് എം.എൽ.എയുടെ മകന്റെ ഓഫിസിൽനിന്നും വീട്ടിൽനിന്നുമായി ലോകായുക്ത സംഘം പിടിച്ചെടുത്തത്. എം.എൽ.എയുടെ ദാവൻകരെയിലെ വീട്ടിലും ഫാം ഹൗസിലും നടത്തിയ റെയ്ഡിൽ 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയും കണ്ടെടുത്തിരുന്നു. കേസെടുത്തതോടെ ഒളിവിൽപോയ എം.എൽ.എയെ കണ്ടെത്താൻ ലോകായുക്ത ഏഴ് അന്വേഷണ സംഘങ്ങളെ നിയോഗിച്ചിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.48 മണിക്കൂറിനകം അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജസ്റ്റിസ് കെ. നടരാജൻ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടു പേരുടെ ആൾജാമ്യത്തിന് പുറമെ, അഞ്ചു ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
കേസ് അന്വേഷിക്കുന്ന ലോകായുക്ത സംഘം എം.എൽ.എക്കെതിരായ റിപ്പോർട്ടും രേഖകളും ഹാജരാക്കുന്നതുവരെമാത്രമാണ് മുൻകൂർ ജാമ്യം. മുൻകൂർ ജാമ്യം ലഭിച്ച ശേഷം ഒളിസങ്കേതത്തിൽനിന്ന് പുറത്തുവന്ന വിരുപക്ഷപ്പക്ക് ചൊവ്വാഴ്ച ദാവൻകരെയിൽ ബി.ജെ.പി പ്രവർത്തകർ വൻവരവേല്പാണ് നൽകിയത്.

