സിദ്ധാർഥയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
text_fieldsബംഗളൂരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാർഥയുടെ മരണത്തിൽ സംശയിക്കത്തക്ക അസ്വാഭാവികതകളില്ലെന്നും ശ്വാസകോശത്തില്‍ വെള്ളം കണ്ടെത്തിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മംഗളൂരു വെന്‍ലോക് ജില്ല ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കൂവെന്ന് മംഗളൂരു ഡി.സി.പി ഹനുമന്തരയ്യ പറഞ്ഞു.
രാസപരിശോധന അടക്കമുള്ള മുഴുവന്‍ പരിശോധന ഫലവും ലഭിച്ചശേഷം മാത്രം അന്വേഷണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. ജൂലൈ 29ന് രാത്രി എട്ടുമണിയോടെ മംഗളൂരു നേത്രാവതി പാലത്തില്‍നിന്ന് കാണാതായ സിദ്ധാർഥയെ മരിച്ച നിലയില്‍ രണ്ടു ദിവസത്തിനു ശേഷം പുഴയിൽ കണ്ടെത്തുകയായിരുന്നു.
