പുതിയ റഫാൽ ഇടപാടിന് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: ഫ്രാൻസിൽനിന്ന് 26 റഫാൽ പോർ വിമാനങ്ങൾ, മൂന്ന് സ്കോർപീൻ അന്തർവാഹിനികൾ എന്നിവ വാങ്ങാൻ സർക്കാർ പദ്ധതി. 90,000 കോടിയോളം രൂപയുടെ ഇടപാടാണിതെന്ന് പ്രാഥമികമായി കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയാഴ്ച നടത്തുന്ന ഫ്രാൻസ് സന്ദർശനത്തിനൊപ്പം ഇടപാട് പ്രഖ്യാപിച്ചേക്കും. പ്രതിരോധ മന്ത്രാലയത്തിന് മുമ്പാകെ നാവികസേന സമർപ്പിച്ച പദ്ധതി പടക്കോപ്പ് സമ്പാദന സമിതിയുടെ പരിഗണനക്ക് വെക്കുമെന്നാണ് വിവരം. സുരക്ഷ വെല്ലുവിളികൾ മുൻനിർത്തി അടിയന്തരമായി പോർവിമാനങ്ങളും അന്തർവാഹിനികളും വേണമെന്നാണ് നാവികസേനയുടെ ആവശ്യം. നേരത്തെ 36 റഫാൽ വിമാനങ്ങളാണ് വൻവിവാദത്തിന്റെ അകമ്പടിയോടെ മോദി സർക്കാർ വാങ്ങിയത്.

