പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും
text_fieldsന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രം ഇന്ന് വിജ്ഞാപനം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ വരുന്നത്. വൈകുന്നേരം 5.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിൽ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
2019ലാണ് നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയില്ല. കോവിഡ് വ്യാപനവും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിയിരുന്നത്.

