വാണിജ്യ എൽ.പി.ജി നിരക്ക് കുറച്ചു; വിമാന ഇന്ധന നിരക്ക് കൂട്ടി
text_fieldsന്യൂഡൽഹി: വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറിന്റെ വില 58.50 രൂപ കുറച്ച് എണ്ണക്കമ്പനികൾ. വിമാന ഇന്ധന നിരക്ക് 7.5 ശതമാനം വർധിപ്പിച്ചു. ഗാർഹിക പാചകവാതക (എൽ.പി.ജി) വിലയിൽ മാറ്റമില്ല. പുതിയ നിരക്ക് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന് ഡൽഹിയിൽ 1,665 രൂപയും മുംബൈയിൽ 1,616.50 രൂപയുമാണ്.
തുടർച്ചയായി നാലാമത്തെ തവണയാണ് നിരക്ക് കുറക്കുന്നത്. ജൂൺ ഒന്നിന് 24 രൂപയും മേയ് ഒന്നിന് 14.50 രൂപയും ഏപ്രിൽ ഒന്നിന് 41 രൂപയും കുറച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടർ വില 853 രൂപയായി തുടരും. ഗാർഹിക സിലിണ്ടർ വില ഏപ്രിലിൽ 50 രൂപ വർധിപ്പിച്ചിരുന്നു.
വിമാന ഇന്ധന (എ.ടി.എഫ്) വില കിലോലിറ്ററിന് 6,271.5 രൂപയാണ് വർധിപ്പിച്ചത്. വർധന വാണിജ്യ വിമാനക്കമ്പനികളുടെ ഭാരം വർധിപ്പിക്കും.

