യു.പിയിൽ ദലിത് നഴ്സിനെ ഡോക്ടർ ബന്ദിയാക്കി ബലാത്സംഗം ചെയ്തു
text_fieldsമൊറാദാബാദ്: സ്വകാര്യ ആശുപത്രിയിൽ ദലിത് നഴ്സിനെ ഡോക്ടർ ബന്ദിയാക്കി ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവം. സംഭവത്തിൽ ഡോ. ഷാനവാസ്, നഴ്സ് മെഹനാസ്, വാർഡ് ജീവനക്കാരൻ ജുനൈദ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞു.
ശനിയാഴ്ച വൈകീട്ടാണ് അതിജീവിത ആശുപത്രിയിൽ ജോലിക്കെത്തിയത്. രാത്രി വൈകി മറ്റൊരു നഴ്സ് മെഹനാസ് ഇവരോട് ഡോ. ഷാനവാസിനെ മുറിയിൽ പോയി കാണാൻ നിർദേശിച്ചു. നിരസിച്ചതോടെ, മെഹനാസും ജുനൈദും ബലമായി പിടിച്ചുകൊണ്ടുപോയി മുറിയിലിട്ട് പുറത്തുനിന്ന് പൂട്ടുകയായിരുന്നു.
തുടർന്ന്, മുറിയിലെത്തിയ ഡോ. ഷാനവാസ് ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി പറഞ്ഞു. ജാതി അധിക്ഷേപം നടത്തിയതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിലുണ്ട്. ആരോഗ്യ വകുപ്പിന്റെ പരിശോധനക്കു ശേഷം ആശുപത്രി പൂട്ടിച്ചു.

