ഡൽഹി മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തിൽ ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് ഭായ് ഖിംജിയെ (41) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മുഖ്യമന്ത്രിയുടെ മുഖത്ത് അടിക്കുകയും മുടിയിൽ പിടിച്ചുവലിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് പ്രതി എത്തിയത്. മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, പ്രതി മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖത്തടിച്ചതും മുടിയിൽ വലിച്ചതും. ആക്രമണത്തിൽ തലക്ക് നേരിയ പരിക്കേറ്റ രേഖയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറി.
പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് അമ്മ പറഞ്ഞു. തെരുവുനായ് വിഷയത്തിൽ അടുത്തിടെ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതി പോകുമെന്ന കാര്യം തനിക്കറിയില്ലെന്നും അമ്മ പൊലീസിനോട് പറഞ്ഞു.
സംഭവം പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഡൽഹിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വസ്തുതയാണ് തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസും ജനാധിപത്യത്തിൽ അക്രമത്തിനിടമില്ലെന്ന് ആം ആദ്മി പാർട്ടിയും വ്യക്തമാക്കി.

