ഡൽഹി: 38 മണ്ഡലങ്ങളിൽ പോൾചെയ്തതും ഇ.വി.എം വോട്ടും തമ്മിൽ വ്യത്യാസം
text_fieldsന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ 38 മണ്ഡലങ്ങളിൽ പോൾചെയ്ത വോട്ടും വോട്ടു യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ടും തമ്മിൽ വ്യത്യാസം. ചില മണ്ഡലങ്ങളിൽ പോൾ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് ഇ.വി.എമ്മിൽ രേഖപ്പെടുത്തി. കരോൾ ബാഗിൽ 1,155 വോട്ടുകളാണ് ഇ.വി.എമ്മിൽ അധികമുള്ളത്. ബുറാഡി, ചാന്ദ്നി ചൗക്ക്, വികാസ് പുരി, ആർ.കെ പുരം, മതിയാല എന്നീ മണ്ഡലങ്ങളിൽ ഇത്തരത്തിൽ വോട്ട് അധികമുണ്ട്. അതേസമയം, സംഗം വിഹാറിൽ 864 വോട്ട് കുറവുണ്ട്. റോഹ്തസ് നഗറിൽ 844, വസീർപുർ 581, പാലത്ത് 560, ബദർപുർ 412, മെഹ്റോളി 408 എന്നിങ്ങനെ വോട്ടുകൾ കുറവു രേഖപ്പെടുത്തി.
ഇ.വി.എം കുറ്റമറ്റതാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആവർത്തിക്കുന്നതിനിടയിലാണ് വോട്ടുവ്യത്യാസം പുറത്തുവന്നത്. നിലവിൽ ഇൗ മണ്ഡലങ്ങളിൽ റിപ്പോർട്ടു ചെയ്യപ്പെട്ട വോട്ടുവ്യത്യാസത്തേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് എല്ലാവരും ജയിച്ചത്. അതുകൊണ്ട് ഫലത്തെ ബാധിക്കില്ല. എന്നാൽ, മോക്പോളിൽ രേഖപ്പെടുത്തിയ വോട്ടുകൾ മായ്ക്കാൻ മറന്നതാണ് പലയിടങ്ങളിലും വ്യത്യാസത്തിനു കാരണമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ പറയുന്നത്.
