ഇ.ഡി കേസ്: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
text_fieldsന്യൂഡൽഹി: മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിലെ ജാമ്യാപേക്ഷ വാദം പൂർത്തിയാക്കി ലഖ്നോ കോടതി വിധി പറയാൻ മാറ്റി. 45,000 രൂപ അക്കൗണ്ടിൽ വന്ന സംഭവത്തിൽ കള്ളപ്പണ നിരോധന നിയമപ്രകാരമെടുത്ത കേസുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷയിൽ ബുധനാഴ്ചയാണ് കോടതി വാദം പൂർത്തിയാക്കിയത്.
യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം നൽകിയിട്ടും ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന സിദ്ദീഖ് കാപ്പന് ഇ.ഡി കേസിൽകൂടി ജാമ്യം ലഭിച്ചാലേ ജയിൽ മോചിതനാകാൻ കഴിയൂ. ദലിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലായത്. തുടർന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് നേതാക്കളെയും യു.എ.പി.എ ചുമത്തി ജയിലിലടക്കുകയായിരുന്നു. രണ്ടു വർഷം ജയിലിൽ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ മാസം ഉപാധികളോടെ ജാമ്യം നല്കിയെങ്കിലും ഇ.ഡി കേസ് കാരണം പുറത്തിറങ്ങാനായില്ല.
ഇതേ കേസിൽ ജാമ്യം ലഭിച്ച കാപ്പൻ യാത്രചെയ്ത വാഹനത്തിന്റെ ഡ്രൈവർക്കും ഇ.ഡി കേസുള്ളതിനാൽ ജയിൽമോചനം സാധ്യമായിട്ടില്ല.

