വോട്ടുയന്ത്ര അട്ടിമറി തെളിയിക്കാൻ അവസരം ആവശ്യപ്പെട്ട ഹരജി തള്ളി
text_fieldsന്യൂഡൽഹി: വോട്ടുയന്ത്രം അട്ടിമറിക്കാനാകുമെന്ന് തെളിയിക്കാൻ അവസരം നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിണ്ടിഗൽ മണ്ഡലത്തിൽനിന്ന് തോറ്റ മൻസൂർ അലി ഖാൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
തെരഞ്ഞെടുപ്പ് കമീഷൻ ചട്ടം അനുസരിച്ച് വോട്ടുയന്ത്രം കൈവശം വെക്കാനോ അതിെൻറ സോഫ്റ്റ്വെയറുകളിൽ എന്തെങ്കിലും ചെയ്ത് കാണിക്കാനോ ആർക്കും അധികാരമില്ല. വോട്ടുയന്ത്രത്തിൽ അട്ടിമറി നടത്താനാകുമെന്ന് മുമ്പ് കാണിച്ച എൻജിനീയർക്കെതിരെ വോട്ടുയന്ത്രം മോഷ്ടിച്ച കുറ്റത്തിന് കമീഷൻ കേസെടുത്തിരുന്നു.
വോട്ടുയന്ത്രത്തിനെതിരെ വ്യാപക പരാതി ഉയർന്ന ഘട്ടത്തിൽ അട്ടിമറി തെളിയിക്കാൻ കമീഷൻ ആസ്ഥാനത്ത് ഹാക്കത്തണിന് രാഷ്ട്രീയപാർട്ടികളെ വെല്ലുവിളിച്ചപ്പോഴും വോട്ടുയന്ത്രത്തിൽ തൊടാൻ അനുമതി നൽകിയിരുന്നില്ല.
ഇത്തരമൊരു സാഹചര്യത്തിലാണ് വോട്ടുയന്ത്ര അട്ടിമറി തെളിയിക്കാൻ അനുമതി നൽകാൻ കമീഷന് നിർദേശം നൽകണമെന്ന് മൻസൂർ ഖാെൻറ ആവശ്യം ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്തും ബി.ആർ. ഗവായിയും അടങ്ങുന്ന ബെഞ്ച് തള്ളിയത്.
