ജനുവരി ഒന്നു മുതൽ വാഹനങ്ങൾക്ക് ഫാസ് ടാഗ് നിർബന്ധം
text_fieldsന്യൂഡൽഹി: ജനുവരി ഒന്നു മുതൽ വാഹനങ്ങൾക്ക് ഫാസ്ടാഗുകൾ നിർബന്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. വ്യാഴാഴ്ച ഒരു ഓൺലൈൻ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പണമടക്കാനായി ടോൾ പ്ലാസകളിൽ നിർത്തേണ്ടതില്ലാത്തതിനാൽ സമയവും ഇന്ധനവും ലാഭിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 2017 ഡിസംബർ ഒന്നിനു മുമ്പ് നിരത്തിലിറങ്ങിയ വാഹനങ്ങൾ മുഴുവൻ ഫാസ്ടാഗ് പതിക്കണം. അതിന് ശേഷമുള്ളവക്ക് ഡീലർമാർതന്നെ ഫാസ് ടാഗുകൾ നൽകിയിട്ടുണ്ട്. ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാനും ഇനി ഫാസ് ടാഗ് വേണം. 2021 ഏപ്രിൽ ഒന്നു മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് എടുക്കാനും ഫാസ് ടാഗ് നിർബന്ധമാണ്.

