മുംബൈയിൽ നാലുനില കെട്ടിടം തകർന്ന് 14 പേർ മരിച്ചു
text_fieldsമുംബൈ: മുംബൈയിലെ കുർളയിൽ നാലുനില കെട്ടിടം തകർന്നുവീണ് 14 പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച അർധരാത്രിയോടെ കുർളയിലെ നായിക് നഗർ സൊസൈറ്റിയിലെ കാലപഴക്കം ചെന്ന നാലുനില അപാർട്ട്മെന്റ് സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്നുവീഴുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിൽ 23 പേരെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്തുപേർ മരിച്ചു. പരിക്കേറ്റ 13 പേരിൽ നാലുപേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഒമ്പതുപേരെ ചികിത്സക്കുശേഷം വിട്ടയച്ചു.
കെട്ടിടത്തിൽനിന്ന് താമസക്കാരോട് ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിട്ടും പോകാൻ തയാറായിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അപകടത്തെതുടർന്ന് കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് എല്ലാവരെയും ഒഴിപ്പിച്ചു.

