ഹാഥറസ് കൂട്ടബലാത്സംഗം: എസ്.ഐ.ടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ഹാഥറസിൽ 19കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷണം പ്രത്യേക സംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മൂന്നാഴ്ച നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.
പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് അന്വേഷണ സംഘങ്ങൾ മൊഴിയെടുത്തിരുന്നു. ആദ്യഘട്ട റിപ്പോർട്ട് പ്രകാരം ഒക്ടോബർ രണ്ടിന് ഹാഥറസ് പൊലീസ് സൂപ്രണ്ട്, ഡി.എസ്.പി, മുതിർന്ന പൊലീസ് ഒാഫിസർമാർ തുടങ്ങിയവരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. പെൺകുട്ടിയും പ്രതികളിലൊരാളും നേരത്തേ ബന്ധമുണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വിവാദമായിരുന്നു.
ഒക്ടോബർ ഏഴിന് റിപ്പോർട്ട് കൈമാറണമെന്ന് ആദ്യം നിർദേശിച്ചിരുന്നു. പീന്നീട് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 10 ദിവസം കൂടി നൽകുകയായിരുന്നു.
സെപ്റ്റംബർ 30നാണ് കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. സെപ്റ്റംബർ 29നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. ഗ്രാമത്തിലെ മേൽജാതിക്കാർ പെൺകുട്ടിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി വയലിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ നാലുപ്രതികൾ ഇതുവരെ അറസ്റ്റിലായി. കേസിൽ സി.ബി.ഐയും അന്വേഷണം നടത്തുന്നുണ്ട്.

