ഡോക്ടർക്ക് കോവിഡ് ലക്ഷണം; രണ്ട് ആശുപത്രികൾ അടച്ചു
text_fieldsകോയമ്പത്തൂർ: ഡോക്ടർക്ക് കോവിഡ് ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് പോത്തനൂർ, ഈറോഡ് റെയിൽവേ ആശുപത്രികൾ അടച്ചിട്ടു. ഈറോഡ് റെയിൽവേ ആശുപത്രിയിൽനിന്ന് അടുത്തിടെ പോത്തന്നൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ച 29കാരിയായ ഡോക്ടർക്കാണ് ലക്ഷണങ്ങൾ അനുഭവപ്പെട്ടത്. ഇവരെ ഇ.എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് ബാധിതരായ തായ്ലൻഡ് പൗരന്മാരെ ഈ ഡോക്ടർ ചികിത്സിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. ഈറോഡിൽനിന്ന് മാർച്ച് 20ന് ഒഴിവായ ഡോക്ടർ 23നാണ് പോത്തന്നൂരിൽ ചുമതലതലയേറ്റത്. ഇവിടെ ആരെയും ചികിത്സിച്ചിട്ടില്ലെന്നും അനാരോഗ്യം തോന്നിയ ഉടൻ അവധിയിൽ പ്രവേശിക്കുകയായിരുന്നുവെന്നും റെയിൽവെ അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ആശുപത്രികൾ അടച്ചത്.
ഡോക്ടറുമായി സമ്പർക്കം പുലർത്തിയ അഞ്ചുപേരെയും ഇ.എസ്.ഐ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതായും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
