സ്കൂട്ടർ പാർക്കിങ്ങിനെ ചൊല്ലി തർക്കം; നടി ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു
text_fieldsആസിഫ് ഖുറേഷി
ന്യൂഡൽഹി: വീടിന് മുന്നിലെ വഴിമുടക്കി നിർത്തിയിട്ട സ്കൂട്ടറിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബോളിവുഡ് താരം ഹുമ ഖുറേഷിയുടെ ബന്ധു കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഡൽഹി നിസാമുദ്ദീനിലെ വീടിന് മുന്നിൽ നടന്ന തർക്കത്തിനിടെയാണ് അക്രമികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഹുമ ഖുറേഷിയുടെ ബന്ധു ആസിഫ് ഖുറേഷി (38)യെ ആക്രമിച്ചത്.
വീട്ടിലേക്കുള്ള വഴിമുടക്കി നിർത്തിയിട്ട സ്കൂട്ടർ മാറ്റാൻ ആസിഫ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ആരംഭിക്കുന്നത്. വാക്കുതർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയപ്പോൾ ആയുധം ഉപയോഗിച്ച് സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ഹുമ ഖുറേഷിയുടെ പിതാവ് സലിം ഖുറേഷി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകാതെ മരിച്ചു. രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഗൗതം, ഉജ്ജ്വൽ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

