ബി.ജെ.പിയിലേക്കില്ലെന്ന് ശതാബ്ദി റോയ്; താൻ തൃണമൂലിനൊപ്പമെന്നും പ്രഖ്യാപനം
text_fieldsകൊൽക്കത്ത: ആശയക്കുഴപ്പങ്ങൾക്ക് വിരാമമിട്ട് ബി.ജെ.പിയിലേക്കില്ലെന്ന പ്രഖ്യാപനവുമായി തൃണമൂൽ എം.പി ശതാബ്ദി റോയ്. വെള്ളിയാഴ്ച വൈകുന്നേരം കൊൽക്കത്തയിൽ അഭിഷേക് ബാനർജി എംപിയുമായി നടത്തിയ ഒരു മണിക്കൂർ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് നടികൂടിയായ ശതാബ്ദി റോയ് ബി.ജെ.പിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. 'ഞാൻ തൃണമൂലിനൊപ്പമാണ്. പാർട്ടിയുമായുള്ള എന്റെ പ്രശ്നങ്ങൾ അഭിഷേക് ബാനർജി മനസിലാക്കി. മമത ബാനർജിക്കുവേണ്ടിയാണ് ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത്. ഞാൻ അവരോടൊപ്പമുണ്ട്'-ശതാബ്ദി റോയ് പറഞ്ഞു.
ബിർഭൂമി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ശതാബ്ദി റോയ്യുടെ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ പേജിൽ കുറിച്ച വാക്കുകളാണ് നേരത്തേ മമത ബാനർജിക്ക് തലവേദനയായത്. ഞാൻ ഒരു തീരുമാനം എടുക്കുകയാണെങ്കിൽ, അത് ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും എന്നായിരുന്നു ഫാൻപേജിലെ കുറിപ്പ്.
'ഈ പുതുവർഷം മുതൽ മുഴുവൻ സമയവും നിങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന തീരുമാനം എടുത്തിട്ടുണ്ട്. 2009 മുതൽ നിങ്ങൾ എന്നെ പിന്തുണക്കുകയും ലോക്സഭയിലേക്ക് അയക്കുകയും ചെയ്തു. നിങ്ങൾക്ക് എേന്നാടുള്ള താൽപര്യം ഇനിയുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാൻ ലോക്സഭ അംഗമാകുന്നതിന് മുമ്പുതന്നെ ജനങ്ങൾ വളരെയധികം എന്നെ സ്േനഹിച്ചിരുന്നു. എന്റെ കടമ നിർവഹിക്കുന്നത് ഇനിയും തുടരും. ഞാൻ ഒരു തീരുമാനമെടുക്കുകയാണെങ്കിൽ ജനുവരി 16ന് രണ്ടുമണിക്ക് നിങ്ങളെ അറിയിക്കും' -ശതാബ്ദി റോയ്യുടെ പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് 50 തൃണമൂൽ എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ അവകാശ വാദത്തിന് പിന്നാലെയായിരുന്നു കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായുമായി ശതാബ്ദി റോയ് കൂടിക്കാഴ്ച നടത്തുമെന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് ഡൽഹിയിലേക്ക് പോകാനിരുന്നതായും വിവരമുണ്ടായിരുന്നു. എന്നാൽ ദില്ലി യാത്ര റദ്ദാക്കിയതായി അവർ പറഞ്ഞു.

