ബി.ജെ.പിക്ക് തിരിച്ചടിയെന്ന സർവേ ഫലം ചോര്‍ന്നു? ഡമ്മിയെന്ന് ഇന്ത്യ ടുഡേ
text_fieldsന്യൂഡൽഹി: മേയ് 19ന് വോട്ടെടുപ്പ് കഴിഞ്ഞശേഷം മാത്രമേ എക്സിറ്റ് പോള്‍ സർവേ ഫലം പുറത്തുവിടാവൂ എന്ന ചട്ടം നില നില്‍ക്കെ ഇന്ത്യ ടുഡേയുടെ സർവേ ഫലം ‘ചോര്‍ന്നു’. ഇന്ത്യാ ടുഡേ -ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറ ത്തുവന്നു എന്ന തരത്തില്‍ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബി.ജെ.പിക്ക് 177ഉം യു.പി.എക്ക് 141 സീറ്റുമെന്നാണ് ചോര്‍ന്ന വിഡിയോയിലുള്ളത്. മറ്റുള്ളവര്‍ക്ക് 224 സീറ്റും ചേർത്തിട്ടുണ്ട്.
ബി.ജെ.പിക്ക് വമ്പൻ തിരിച്ചടി പ്രവചിക്കുന്ന ഫലമാണിത്. എന്നാല്‍, ഇത് യഥാർഥ സർവേ ഫലമാണെന്നതിന് സ്ഥിരീകരണമില്ല. ചാനല്‍ സർവേ ഫലത്തെ കുറിച്ച് ചെയ്ത പ്രമോഷനല്‍ വിഡിയോയിലൂടെയാണ് ഫലം ചോര്‍ന്നതെന്നാണ് സംശയം. അതേസമയം, അതിലുള്ളത് ഡമ്മി വിവരങ്ങളാണെന്ന വിശദീകരണവുമായി ചാനല്‍ രംഗത്തെത്തി. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഡമ്മി ഡാറ്റ ഉപയോഗിച്ചുള്ള പ്രമോഷനൽ വിഡിയോ ആണ് പുറത്തുവിട്ടതെന്നാണ് ഇന്ത്യാ ടുഡേയുടെ വിശദീകരണം.
എക്സിറ്റ് പോള്‍ ഫലം മേയ് 19ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ നേരത്തേ അറിയിച്ചത്. ഇതിെൻറ ഭാഗമായി ചാനല്‍ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്വാല് തങ്ങളുടെ സർവേ ഫലങ്ങള്‍ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു.
