ജമ്മു കശ്മീർ നേതാവ് ഷാ ഫൈസൽ രാഷ്ട്രീയം വിട്ടു
text_fieldsശ്രീനഗർ: സിവിൽ സർവിസ് ഉപേക്ഷിച്ച് രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച ജമ്മു കശ്മീരിലെ ഡോ. ഷാ ഫൈസൽ (37) രാഷ്ട്രീയം ഉപേക്ഷിച്ചു. സംഘടന പ്രവർത്തനങ്ങളിൽ തുടരാനാകില്ലെന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെക്കുന്നുവെന്നും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളെ ഷാ ഫൈസൽ അറിയിച്ചതായി ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെൻറ് (ജെ.കെ.പി.എം) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ വർഷം അദ്ദേഹം തന്നെ സ്ഥാപിച്ചതാണ് ഈ പാർട്ടി.
"അദ്ദേഹത്തിെൻറ അഭ്യർഥന സ്വീകരിക്കാൻ പാർട്ടി തീരുമാനിച്ചു. ജീവിതത്തിലും തെരഞ്ഞെടുക്കുന്ന വഴിയിലും കൂടുതൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിയും" -പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല.
2010ലെ സിവിൽ സർവിസ് പരീക്ഷയിൽ ഒന്നാം റാേങ്കാടെയാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. എന്നാൽ, കശ്മീരിൽ ഭരണകൂട പിന്തുണയോടെ നടക്കുന്ന നിരന്തര കൊലപാതകങ്ങൾ, ഇന്ത്യൻ മുസ്ലിംകളെ പാർശ്വവൽക്കരിക്കാനുള്ള നീക്കങ്ങൾ എന്നിവയിൽ പ്രതിഷേധിച്ച് 2019 ജനുവരിയിൽ ജോലി ഉപേക്ഷിച്ചു. അതേവർഷം മാർച്ച് 21നാണ് ജെ.കെ.പി.എം രൂപവത്കരിച്ചത്.
ജമ്മു കശ്മീരിെൻറ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കത്തെ അതിശക്തമായി വിമർശിച്ചവരിൽ ഷാ ഫൈസലുമുണ്ടായിരുന്നു. തുടർന്ന് മറ്റ് നൂറുകണക്കിന് രാഷ്ട്രീയ നേതാക്കൾക്കൊപ്പം അദ്ദേഹത്തെയും കസ്റ്റഡിയിലെടുത്തു. ഫെബ്രുവരിയിൽ പൊതുസുരക്ഷാ നിയമപ്രകാരം കേസുമെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് മോചിതനായത്.
ഷാ ഫൈസൽ രാജിവെച്ച ഒഴിവിൽ നിലവിലെ വൈസ്പ്രസിഡൻറ് ഫിറോസ് പീർസാദയെ താൽക്കാലിക പ്രസിഡൻറായി നിയമിക്കുമെന്ന് പാർട്ടി വാക്താവ് അറിയിച്ചു.

