
ബാക്ക് ബെഞ്ചർ പ്രയോഗം; രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ഒരു ബാക്ക് ബെഞ്ചറായി മാറിയെന്നും കോൺഗ്രസിലായിരുന്നുവെങ്കിൽ മുഖ്യമന്ത്രി ആകാമായിരുന്നുവെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി ജ്യോതിരാദിത്യ സിന്ധ്യ. താൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ രാഹുൽ ഗാന്ധിക്ക് ഈ ഉത്കണ്ഠ ഉണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ സാഹചര്യം മറ്റൊന്നാകുമായിരുന്നുവെന്ന് സിന്ധ്യ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി, സിന്ധ്യ ബി.ജെ.പിയിൽ ഒരു ബാക്ക് ബെഞ്ചറായി മാറിയെന്ന് പറഞ്ഞത്. 'കോൺഗ്രസിനൊപ്പം തുടർന്നിരുന്നെങ്കിൽ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ, ബി.ജെ.പിയിൽ അദ്ദേഹം ഒരു ബാക്ക് ബെഞ്ചറായി മാറി.
കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന്. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു' -രാഹുൽ പറഞ്ഞു.
'എഴുതിെവച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ (ബി.ജെ.പിയിൽ) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ (കോൺഗ്രസിൽ) തിരിച്ചെത്തേണ്ടിവരും' -രാഹുൽ കൂട്ടിച്ചേർത്തു.
2020 മാർച്ചിലാണ് മധ്യപ്രദേശിലെ മുതിർന്ന നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടത്. തുടർന്ന് കമൽനാഥിന്റെ നേതൃത്വത്തിലെ കോൺഗ്രസ് സർക്കാർ വീഴുകയും ബി.ജെ.പി അധികാരത്തിലേറുകയും ചെയ്തു.
