ബി.ജെ.പിക്കാർ വിളിച്ചില്ല, ഖുശ്ബു അങ്ങോട്ട് പോയി; കോൺഗ്രസിന് ഒരു നഷ്ടവുമില്ല -കെ.എസ്. അളഗിരി
text_fieldsചെന്നൈ: തെന്നിന്ത്യൻ നടിയും കോൺഗ്രസ് വക്താവുമായ ഖുശ്ബു സുന്ദർ ബി.ജെ.പിയിൽ ചേരുമെന്ന് ഉറപ്പായതോടെ പ്രതികരണവുമായി തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ് അളഗിരി. ഖുശ്ബു പോയതുകൊണ്ട് കോൺഗ്രസിന് ഒരു നഷ്ടവും വരാനില്ലെന്ന് അളഗിരി പറഞ്ഞു.
ബി.ജെ.പിയിൽ നിന്നും ആരും ഖുശ്ബുവിനെ വിളിച്ചില്ല, സ്വന്തം ഇഷ്ടപ്രകാരം അങ്ങോട്ട് പോകുകയായിരുന്നു. ഖുശ്ബു പാർട്ടിയിലുണ്ടായിരുന്ന കാലത്തും നയപരിപരിപാടികളോട് യോജിച്ചിരുന്നില്ലെന്നും അളഗിരി കൂട്ടിച്ചേർത്തു.
ജനങ്ങളുടെ പിന്തുണയില്ലാത്തവരും യാഥാർഥ്യ ബോധമില്ലാത്തവരും കോൺഗ്രസിന്റെ ഉന്നതതലങ്ങളിലിരുന്ന് പാർട്ടിയെ നിയന്ത്രിക്കുകയാണെന്നും തന്നെ പോലെ ആത്മാർഥമായി പ്രവർത്തിക്കാൻ തയാറായവരെ ഒതുക്കുകയാണെന്നും ഖുശ്ബു പറഞ്ഞിരുന്നു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിലാണ് ഖുശ്ബുവിന്റെ വിശദീകരണം. ഇന്നുതന്നെ ബി.ജെ.പിയിൽ ചേരുമെന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണ് ഖുശ്ബു രാജിക്കത്ത് നൽകിയത്. ഖുശ്ബുവിനെ എ.ഐ.സി.സി വക്താവ് സ്ഥാനത്തുനിന്ന് നീക്കിയതായി കോൺഗ്രസ് അറിയിച്ചിരുന്നു.

