ദക്ഷിണ കന്നടയിലെ പടക്ക ഫാക്ടറികളുടെ ലൈസൻസ് റദ്ദാക്കി
text_fieldsമംഗളൂരു: ബെൽത്തങ്ങാടി വേനൂരിൽ പടക്കം നിർമാണ ശാലയിലെ സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ദക്ഷിണ കന്നട ജില്ല ഭരണകൂടം സുരക്ഷ നടപടികൾ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ വെടിമരുന്ന് ഫാക്ടറികളുടെയും ലൈസൻസുകൾ താൽക്കാലികമായി സസ്പെൻഡ് ചെയ്ത് എ.ഡി.എം ഡോ.കെ. ആനന്ദ് ഉത്തരവിറക്കി.
1984ലെ സ്ഫോടകവസ്തു നിയമവും 2008ലെ ചട്ടം 107 പ്രകാരവുമാണ് പടക്കശാലകൾക്ക് ലൈസൻസ് നൽകിവരുന്നത്. സുരക്ഷ സംബന്ധിച്ച സുപ്രീംകോടതി വിധിയും സർക്കാർ നിർദേശവും പാലിക്കപ്പെടുന്നില്ലെന്ന സൂചനയാണ് ബെൽത്തങ്ങാടി സ്ഫോടനമെന്ന് ജില്ല അധികൃതർ പറഞ്ഞു. പരിശോധനകൾ നടത്തി നിയമവും ചട്ടവും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ.

