ലോക്സഭ സമ്മേളനം ഇന്നുമുതൽ
text_fieldsന്യൂഡൽഹി: 18ാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ തിങ്കളാഴ്ച തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി, കാബിനറ്റ് മന്ത്രിമാർ, മറ്റു കേന്ദ്രമന്ത്രിമാർ എന്നിവരുടെ സത്യപ്രതിജ്ഞ കഴിഞ്ഞ് അക്ഷരമാലാ ക്രമത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.
പ്രോടെം സ്പീക്കർ നിയമനത്തിലുള്ള പ്രതിഷേധത്തോടെയാണ് പ്രതിപക്ഷം ആദ്യനാളിൽ സഭയിലെത്തുന്നത്. സത്യപ്രതിജ്ഞക്കും സ്പീക്കർ തെരഞ്ഞെടുപ്പിനുമായി മൂന്നു ദിവസമാണ് ലോക്സഭ നീക്കിവെച്ചിരിക്കുന്നത്. പ്രഥമ സമ്മേളനം തുടങ്ങുന്നതിനു മുമ്പ് രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ മന്ദിരത്തിന്റെ ‘ഹൻസ് ദ്വാറി’ന് മുന്നിൽ മാധ്യമപ്രവർത്തകരെ കാണും.
എട്ടുതവണ ലോക്സഭ എം.പിയായ കേരളത്തിൽനിന്നുള്ള കോൺഗ്രസിന്റെ ദലിത് മുഖം കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ഏഴുതവണ എം.പിയായ ഒഡിഷയിൽനിന്നുള്ള ബി.ജെ.പി നേതാവ് ഭർതൃഹരി മെഹ്താബിനെ പ്രോടെം സ്പീക്കർ ആക്കിയതിലുള്ള പ്രതിഷേധവുമായാണ് ഇൻഡ്യ സഖ്യം സഭയിലെത്തുക. രണ്ടുദിവസം നീളുന്ന സത്യപ്രതിജ്ഞക്ക് മെഹ്താബിനെ സഹായിക്കാൻ സർക്കാർ ഏൽപിച്ച ദൗത്യം കൊടിക്കുന്നിൽ സുരേഷ് അടക്കം മൂന്ന് പ്രതിപക്ഷ എം.പിമാർ ഏറ്റെടുക്കേണ്ടതില്ലെന്ന് സഖ്യം തീരുമാനിച്ചിട്ടുണ്ട്. ഡി.എം.കെയുടെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിന്റെ സുദീപ് ബന്ദോപോധ്യായ എന്നിവരാണ് പ്രതിപക്ഷത്തുനിന്ന് നിയോഗിക്കപ്പെട്ട മറ്റു രണ്ടുപേർ.
ലോക്സഭ സ്പീക്കറെ തെരഞ്ഞെടുക്കുന്നതുവരെ സ്പീക്കറുടെ ചെയറിലിരുന്ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് കാർമികത്വം വഹിക്കുകയാണ് പ്രോടെം സ്പീക്കറുടെ ഉത്തരവാദിത്തം. പാർലമെന്റ് മന്ദിരോദ്ഘാടനത്തിനും രാമക്ഷേത്ര പ്രാണപ്രതിഷ്ഠക്കും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാതിരുന്നതുപോലെ ദലിതനായ പ്രോടേം സ്പീക്കർക്ക് മുന്നിൽ ഉന്നത ജാതിക്കാരായ എം.പിമാർ സത്യപ്രതിജ്ഞ ചെയ്യാൻ ബി.ജെ.പി ആഗ്രഹിക്കാത്തതു കൊണ്ടാണ് കൊടിക്കുന്നിലിനെ അവഗണിച്ചതെന്ന വാദത്തിൽ ഇൻഡ്യ സഖ്യം ഉറച്ചുനിൽക്കുകയാണ്. ഭർതൃഹരി മെഹ്താബിനെ പോലെ ഏഴ് തവണ തുടർച്ചയായി എം.പിയായ ബി.ജെ.പി നേതാവ് രമേശ് ചിൻഡപ്പ ജിഗജിനാഗി ഉണ്ടായിട്ടും അദ്ദേഹത്തെ പ്രോട്ടേം സ്പീക്കറാക്കാതിരുന്നത് കൊടിക്കുന്നിൽ സുരേഷിനെ പോലെ ദലിത് നേതാവ് ആയത് കൊണ്ടാണോ എന്ന് ജയറാം രമേശ് ചോദിച്ചു.
കൊടിക്കുന്നിലിന്റെ തുടർച്ചക്ക് രണ്ടുതവണ ഭംഗം വന്നിട്ടുണ്ടെന്നുമുള്ള മറുവാദമാണ് കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ഉയർത്തിയത്. നീറ്റ്, നെറ്റ് പരീക്ഷ ചോർച്ചകൾ ഉൾപ്പെടെ സർക്കാറിനെ പ്രതിരോധത്തിലാക്കുമ്പോഴാണ് പ്രോടെം സ്പീക്കർ നിയമനവും വിവാദത്തിലായത്.

