'ങേ, നടപടിയില്ലേ. ഞാനൊരു പോരാട്ടത്തിന് ഒരുങ്ങുകയായിരുന്നു' -കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര
text_fieldsതന്റെ പാർലമെന്റ് പ്രസംഗത്തിന്റെ പേരിൽ നടപടിയെടുക്കേണ്ടെന്ന കേന്ദ്രസർക്കാർ തീരുമാനത്തെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസിന്റെ എം.പിയും തീപ്പൊരി പ്രാസംഗികയുമായ മഹുവ മൊയ്ത്ര. 'എന്ത്, നടപടിയൊന്നുമില്ലെന്നോ. ഞാനൊരു പോരാട്ടത്തിന് തയാറെടുക്കുകയായിരുന്നു' -അവർ ട്വിറ്ററിൽ കുറിച്ചു.
മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ പാർലമെന്റ് പ്രസംഗത്തിന്റെ പേരിലാണ് മൊയ്ത്രക്കെതിരെ കേന്ദ്രം നടപടിക്കൊരുങ്ങിയത്. നടപടിയുണ്ടാകില്ലെന്ന കേന്ദ്രത്തിന്റെ വിശദീകരണം പുറത്തു വന്നയുടനെയായിരുന്നു അവരുടെ ട്വീറ്റ്.
മഹുവ മൊയത്രക്കെതിരെ നടപടിയുണ്ടാവുമെന്ന സൂചന പാർലമെന്റ്കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ആദ്യം നൽകിയത്. അയോധ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട് മൊയ്ത്രയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയപ്പോൾ അനുകൂലമായ പ്രതികരണം ലഭിച്ചില്ലെന്നാണ് പുറത്തുവരുന്ന വിവരം. തൃണമൂൽ എം.പിയുടെ പരാമർശം നിലവിലുള്ള ചീഫ് ജസ്റ്റിസിനെതിരെ അല്ലാത്തതിനാൽ നടപടിക്ക് സാധ്യതയില്ലെന്നാണ് ലഭിച്ച നിയമോപദേശം. ഇൗ സാഹചര്യത്തിൽ കേന്ദ്രം നടപടിയിൽ നിന്ന് പിൻമാറുകയായിരുന്നു.

