തൊഴിൽ രഹിതനായ ഭർത്താവ് വഴക്കിടുന്നുവെന്ന പരാതി നൽകിയ ഭാര്യക്ക് നേരെ യുവാവ് വെടിയുതിർത്തു
text_fieldsന്യൂഡൽഹി: പൊലീസില്‍ നല്കിയ പരാതി പിൻവലിക്കാത്തതിന് ഭാര്യക്ക് നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റിൽ. ഡല്‍ഹിയിലെ മംഗള്‍പുരിയിലാണ് സംഭവം. ഭാര്യ മോണിക്കക്ക് നേരെ വെടിയുതിർത്ത 27-കാരനായ മോഹിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ഒരു വർഷം മുമ്പാണ് വിവാഹിതരായത്. തൊഴിൽ രഹിതനായ ഭർത്താവ് തന്നോട് നിരന്തരം വഴക്കിടുന്നുവെന്ന് ബുധനാഴ്ച രാവിലെയാണ് മോണിക്ക പൊലീസിൽ വിളിച്ച് പരാതി നൽകിയത്. ഉച്ചയോടെ രാജ് പാര്‍ക്ക് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലവും പരാതി നൽകി. ഈ സമയം, പൊലീസ് മോഹിത്തിനെ വിളിച്ചെങ്കിലും അയാൾ കോനാട്ട് പ്ലേസിലാണുള്ളതെന്നും വൈകുന്നേരമെ എത്തുകയുള്ളുവെന്നും പറഞ്ഞു.
വൈകുന്നേരം നാല് മണിയോടെ ഭർത്താവ് വീട്ടിലെത്തിയതായി മോണിക്ക പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മോഹിത്ത് ഭാര്യക്ക് നേരെ വെടിയുതിർത്തത്. പരാതി പിൻവലിക്കാൻ തയാറാകാത്തത് കൊണ്ടാണ് മോഹിത് വെടിവെച്ചതെന്ന് മോണിക്ക പറഞ്ഞു. തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
മോഹിതിനെ അയൽവാസികളുടെ സഹായത്തോടെയാണ് പൊലീസ് കീഴടക്കിയത്. മോഹിത് തൊഴിൽ രഹിതനാണെന്നും മോണിക്ക എം.കോം പരീക്ഷയുടെ തയാറെടുപ്പിലാണെന്നും പൊലീസ് പറഞ്ഞു.

