കെ.എം ഷാജിക്കെതിരായ വധഭീഷണി: പ്രതി തേജസ് മുൻകൂർ ജാമ്യാപേക്ഷ നൽകി
text_fieldsകണ്ണൂർ: കെ എം ഷാജി എം.എൽ.എക്കെതിരായ വധഭീഷണി കേസിൽ പ്രതിയായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി തേജസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശേരി സെഷൻസ് കോടതിയിലാണ് തേജസ് ഹരജി നൽകിയത്.
തന്നെ വധിക്കാൻ മുംബൈ അധോലോകത്തിലുള്ള ചിലർക്ക് 25 ലക്ഷത്തിന് ക്വട്ടേഷൻ നൽകിയെന്നാണ് എം.എൽ.എയുടെ പരാതി. ക്വട്ടേഷൻ നൽകാൻ ഇയാൾ ഫോണിൽ ബന്ധപ്പെട്ടതിെൻറ ശബ്ദരേഖ ഉൾപ്പെടുത്തി കെ.എം ഷാജി ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇമെയിലിലാണ് തനിക്കെതിരെ ക്വട്ടേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട ശബ്ദരേഖ അയച്ചുകിട്ടിയതെന്നും ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കത്തിെൻറ ഭാഗമായാണ് ഇത് ചോർന്നതെന്ന് കരുതുന്നതായും ഷാജി പരാതിയിൽ സൂചിച്ചിരുന്നു.
പ്രതി തേജസ് നിലവിൽ ഒളിവിലാണ്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. പത്തു വർഷത്തോളമായി ഗൾഫിൽ ജോലിചെയ്യുകയായിരുന്ന തേജസ് രണ്ടുമാസം മുമ്പാണ് നാട്ടിലെത്തിയത്. എം.എൽ.എയുടെ പരാതിയിൽ കേസെടുത്തതോടെ
മുംബൈ ബന്ധങ്ങളുള്ള തേജസ് അവിടേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് സൂചന.

