47,905 പേർക്ക് കോവിഡ്; ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏഴ് സംസ്ഥാനങ്ങളിൽ
text_fieldsന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 47,905 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 86,83,916 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേർ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 1,28,121 ആയി ഉയർന്നു.
4,89294 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 80,66,501 പേർ രോഗമുക്തി നേടി. ഏഴ് സംസ്ഥാനങ്ങളിലെ ജില്ലകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന് നിൽക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ. ഉത്തരാഖണ്ഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, മേഘാലയ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഉയർന്ന പോസിറ്റിവിറ്റി നിരക്കുള്ളത്.
ഈ സംസ്ഥാനങ്ങളോട് മരണനിരക്ക് കുറക്കാൻ പ്രത്യേക ശ്രദ്ധപുലർത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ നിർദേശിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ഗോവയിലെ കോവിഡ് മരണങ്ങളിൽ 40 ശതമാനവുമുണ്ടായതെന്നത് പ്രശ്നത്തിെൻറ ഗൗരവം വർധിപ്പിക്കുന്നുവെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
അതേസമയം, നവംബർ 11 വരെ 12,19,62,509 സാമ്പിളുകൾ പരിശോധിച്ചുവെന്ന് ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 11,93,358 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

