ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചു
text_fieldsഅവന്തിപ്പോറ: ജമ്മു കശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. അവന്തിപ്പോറയിലെ പാംപ്പോറ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരർ ഹിസ്ബുൽ മുദാഹിജീൻ പ്രവർത്തകരാണ്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. സുരക്ഷാസേനയും അർധ സൈനികവിഭാഗവും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. സൈന്യത്തിലെ ജൂനിയർ കമീഷൻഡ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു. സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
ആഗസ്റ്റ് 13ന് കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ലഷ്കറെ ത്വയ്യിബ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.

