ഓണ്‍ലൈന്‍ ക്ലാസിന് സമയപരിധി നിശ്ചയിച്ച് കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിന് കേന്ദ്ര മാനവശേഷി മന്ത്രാലയം മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഓരോ വിഭാഗത്തിലെ ക്ലാസുകള്‍ക്കും സമയദൈര്‍ഘ്യവും നിര്‍ണയിച്ചിട്ടുണ്ട്. പലയിടങ്ങളിലും സ്കൂളുകള്‍ സാധാരണ പ്രവൃത്തിദിവസങ്ങളിലെപ്പോലെതന്നെ മുഴുവന്‍സമയ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്നതായി പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ.
നിർദേശങ്ങൾ
- പ്രീപ്രൈമറി- 30 മിനിറ്റില്‍ കൂടുതല്‍ ക്ലാസുകള്‍ പാടില്ല. പ്രത്യേക ദിവസം മാതാപിതാക്കളുമായി ആശയവിനിമയം നടത്തണം.
- ഒന്നു മുതല്‍ എട്ടു വരെ- ക്ലാസുകൾ ഓരോ ദിവസവും 30 മുതല്‍ 45 മിനിറ്റു വരെയുള്ള രണ്ടു സെഷനുകളില്‍ കൂടുതല്‍ പാടില്ല.
- ഒമ്പതു മുതല്‍ 12 വരെ ക്ലാസുകൾ- ഓരോ ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെയുള്ള നാലു സെഷനുകളില്‍ കൂടുതല്‍ പാടില്ല.
- ഒന്നു മുതല്‍ 12 വരെ ക്ലാസുകളിൽ- എൻ.സി.ഇ.ആർ.ടി അക്കാദമിക് കലണ്ടര്‍ അനുസരിച്ച് പാഠ്യപദ്ധതികള്‍ നടപ്പാക്കണം
കോവിഡ് പ്രതിസന്ധിയില്‍ സ്കൂളുകള്‍ ഉടന്‍തന്നെ പഴയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എങ്കിലും അനുയോജ്യമായ രീതിയില്‍ ഗുണകരമായ വിദ്യാഭ്യാസം വീടുകളിലും സ്കൂളുകളിലും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും മാർഗനിർദേശം പുറത്തിറക്കി മാനവശേഷി മന്ത്രി രമേഷ് പൊഖ്റിയാല് പറഞ്ഞു.
