എവിടെ മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും - സചിൻ പൈലറ്റ്
text_fieldsജയ്പൂർ: നിയമസഭ തെരഞ്ഞടുപ്പിൽ തെൻറ മണ്ഡലം പാർട്ടി തീരുമാനിക്കുമെന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റ്. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പാർട്ടിയുെട തീരുമാനമായിരുന്നു. ഞാൻ പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഡിസംബർ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എവിടെ നിന്നാണ് മത്സരിക്കേണ്ടതെന്ന തീരുമാനവും പാർട്ടി ഹൈകമാൻഡിന് വിട്ടതാണെന്നും പൈലറ്റ് പറഞ്ഞു.
ബി.ജെ.പിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച പൈലറ്റ് മുതിർന്ന നേതാവായിരുന്ന ഹരീഷ് മീണക്ക് പോലും ബി.ജെ.പിയിൽ അസന്തുഷ്ടിയാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ പറയേണ്ടതില്ലല്ലോ എന്നും പരിഹസിച്ചു.
സചിൻ പൈലറ്റിനെ കൂടാതെ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന കരുത്തുറ്റ കോൺഗ്രസ് നേതാക്കളാണ് സചിനും ഗെഹ്ലോട്ടും. ഭരണവിരുദ്ധ തരംഗം കോൺഗ്രസിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലിൽ ശക്തരായ സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം.
