കോയമ്പത്തൂരിൽ പെരിയാറിന്റെ പ്രതിമയിൽ ചെരിപ്പുമാലയണിയിച്ച് കാവി പൊടി വിതറി
text_fieldsവെള്ളല്ലൂരിൽ പെരിയാറിന്റെ പ്രതിമയിൽ കാവി പൊടി വിതറിയ നിലയിൽ
ചെന്നൈ: കോയമ്പത്തൂരിന് സമീപം വെള്ളല്ലൂരിൽ സാമൂഹിക പരിഷ്കർത്താവ് ഇ.വി. രാമസാമിയെന്ന പെരിയാറിന്റെ പ്രതിമയിൽ ചെരിപ്പുമാലയണിയിച്ച് കാവി പൊടി വിതറി.
സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് വെള്ളല്ലൂർ പെരിയാർ പഠനകേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ച പ്രതിമ അവഹേളിക്കപ്പെട്ട നിലയിൽ കാണപ്പെട്ടത്.
വിവരമറിഞ്ഞ് തന്തൈ പെരിയാർ ദ്രാവിഡ കഴകം ഉൾപ്പെടെ വിവിധ ദ്രാവിഡ സംഘടനകളിൽപെട്ട പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ ചെരിപ്പുമാല നീക്കി പ്രതിമ വൃത്തിയാക്കി.
പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് ഉറപ്പു നൽകിയതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സമീപത്തെ സി.സി.ടി.വി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

