സി.പി.എം നേതാക്കളുടെ ചിത്രം മോർഫ് ചെയ്ത് ചൈനയെ അനുകൂലിച്ചതായി വ്യാജ പ്രചാരണം
text_fieldsന്യൂഡൽഹി: സി.പി.എം നേതാക്കളുടെ ഫോട്ടോയിൽ ഇന്ത്യൻ സൈന്യത്തിനെതിരെയുള്ള മുദ്രാവാക്യം മോർഫ് ചെയ്ത് കയറ്റി വ്യാജപ്രചാരണം. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് എന്നിവരുടെ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. "ഇന്ത്യൻ ആർമി ഡൗൺ ഡൗൺ, ഞങ്ങൾ ചൈനയെ പിന്തുണയ്ക്കുന്നു.. സിന്ദാബാദ്" എന്നാണ് പ്ലക്കാർഡിൽ എഡിറ്റ് ചെയ്ത് ചേർത്തത്.
കേന്ദ്ര സർക്കാറിെൻറ ജന വിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം 16ന് സി.പി.എം നടത്തിയ പ്രതിഷേധത്തിെൻറ ചിത്രങ്ങളാണ് ദുരുപയോഗം ചെയ്തത്. ചൈനീസ് അതിക്രമത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിലാണ് വ്യാജപ്രചാരണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ചൈനയെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണക്കുന്നുവെന്നാണ് ഇതോടൊപ്പമുള്ള സന്ദേശത്തിൽ പറയുന്നത്.
"ചൈനയും അവിടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയും ഈ മാർക്സിസ്റ്റ് -കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് പ്രതിവർഷം മില്യൺ കണക്കിന് ഡോളർ നൽകുന്നു, ഇത് കൈപ്പറ്റിയ ലജ്ജയില്ലാത്ത രാജ്യദ്രോഹികൾ രാജ്യത്തെ ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പരസ്യമായി ചെയ്യുന്നു. ഇന്തോ-ചൈന യുദ്ധത്തിൽ ചൈനയെ പിന്തുണച്ചതാരാണ്?' തുടങ്ങിയ കുറിപ്പുകളോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
