പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം, ഒരുനാൾ ഇന്ത്യക്ക് കീഴിലാവും -മന്ത്രി ജയ്ശങ്കർ
text_fieldsന്യൂഡൽഹി: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ഒരുനാൾ ഇന്ത്യയുടെ കീഴിലാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന ്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാക് അധീന കശ്മീരിനെ കുറിച്ചുള്ള ഇന്ത്യയുടെ വ്യക്തമായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഒരു അയൽബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, ഒരു അയൽരാജ്യത്ത് നിന്നും അതിന് വെല്ലുവിളി ഉയരുകയാണ്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാനും നല്ല അയൽക്കാരായി മാറാനും ആ രാജ്യത്തിന് കഴിയാത്തിടത്തോളം വെല്ലുവിളി തുടരുക തന്നെ ചെയ്യും.
കശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം ആർട്ടിക്കിൾ 370 അല്ല. പാകിസ്താൻ പിന്തുണയോടെയുള്ള ഭീകരവാദമാണ് പ്രശ്നങ്ങൾക്ക് കാരണം. ഒരു വിദേശനയം പോലെ അയൽരാജ്യത്തിന് നേരെ ഭീകരപ്രവർത്തനം നടത്തുന്ന മറ്റൊരു രാജ്യത്തെ ലോകത്ത് എവിടെയെങ്കിലും കാണാനാകുമോ എന്നും മന്ത്രി ജയ്ശങ്കർ ചോദിച്ചു.
നിരപരാധിയായ മനുഷ്യനെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരിക പ്രധാനപ്പെട്ടതാണെന്ന് കുൽഭൂഷൺ ജാദവിനെ പരാമർശിച്ചുകൊണ്ട് ജയ്ശങ്കർ പറഞ്ഞു.
