ട്രോളിൽ നിറഞ്ഞ് റഫാൽ വിമാന പൂജ
text_fieldsന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന് ആദ്യ റഫാൽ യുദ്ധവിമാനം ഏറ്റുവാങ്ങിയ വേളയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആയുധപൂജ നടത്തിയത് ‘ട്രോളൻമാർ’ ആഘോഷമാക്കി. ചന്ദനത്തിരിയും ചന്ദനവും തേങ്ങയും ഉൾപ്പടെയുള്ള പൂജാദ്രവ്യങ്ങൾ ഉപയോഗിച്ച് പൂജ നടത്തുകയും വിമാനത്തിന് മുകളിൽ ഓം എന്നെഴുതി, തേങ്ങ വച്ച്, ചരട് കെട്ടിയ ശേഷം വിമാനത്തിൻെറ ചക്രങ്ങൾക്ക് ചുവട്ടിൽ ചെറുനാരങ്ങ വെക്കുകയും ചെയ്തിരുന്നു. അതിന് മുകളിലൂടെ വിമാനം കയറ്റി ഇറക്കിയതോടെയാണ് ചടങ്ങ് പൂർത്തിയായത്.

വിമാനത്തിൻെറ ചക്രത്തിനടിയിൽ ചെറുനാരങ്ങ വെച്ച ചിത്രത്തോടൊപ്പം ‘നാരങ്ങ പിഴിയാനാണോ ഇവൻമാർ ഈ യുദ്ധവിമാനം വാങ്ങിയതെന്ന് ഫ്രാൻസ് ചോദിക്കുന്നതായ ട്രോൾ ഉൾപ്പടെ മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നേരത്തെ വിവിധ റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തിയപ്പോഴും ശാസ്ത്രജ്ഞൻമാർ ഇത്തരത്തിൽ പൂജ നടത്തുകയും മറ്റും ചെയ്തിരുന്നു. ഇതും ട്രോളുകളായിരുന്നു.
