യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതിക്കുനേരെ ആസിഡാക്രമണം
text_fieldsലക്നോ: കോടതിയിൽ നൽകിയ ബലാത്സംഗക്കേസ് പിൻവലിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യു.പിയിലെ മുസഫർനഗറിൽ യുവതിക്കുനേരെ ആസിഡാക്രമണം. 30 ശതമാനം പൊള്ളലേറ്റ യുവതിയെ മീറത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യു.പിയിലെതന്നെ ഉന്നാവിൽ ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ കോടതിയിലേക്ക് പോകുംവഴി പ്രതികൾ തീവെച്ചതിെൻറ തലേ ദിവസമാണ് ഈ സംഭവം.
ബുധനാഴ്ച രാത്രി നാലുപേർ യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും നിരസിച്ചതിനെ തുടർന്ന് ആസിഡ് ഒഴിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആരിഫ്, ഷാനവാസ്, ആബിദ്, ഷെരീഫ് എന്നിവരാണ് പ്രതികൾ. ഒളിവിൽപോയ ഇവരെ പിടികൂടാൻ ശ്രമിക്കുന്നതായും പൊലീസ് കൂട്ടിച്ചേർത്തു.
ഇവർ ബലാത്സംഗത്തിനിരയാക്കിയെന്ന് കാണിച്ച് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. പൊലീസിന് പരാതി നേരത്തേ നൽകിയിരുന്നുവത്രേ. എന്നാൽ, തെളിവില്ലെന്നുപറഞ്ഞ് കേസന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
