ജയിലിൽ പ്രത്യേക സൗകര്യം ആവശ്യപ്പെട്ട് ശശികല
text_fieldsബംഗളൂരു: ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ജയിലിൽ പ്രത്യേക സൗകര്യങ്ങൾ അനുവദിക്കണമെന്ന് എ.െഎ.എ.ഡി.എം.കെ അധ്യക്ഷ വി.കെ ശശികല. പരപ്പന അഗ്രഹാര ജയിലിൽ കീഴടങ്ങിയ ശശികല വീട്ടിലുണ്ടാക്കിയ ഭക്ഷണവും മിനറൽ വാട്ടറും നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജയിലിൽ തനിക്ക് സഹായിയെ അനുവദിക്കണം, യൂറോപ്യൻ ശൈലിയിലുള്ള പ്രത്യേക കക്കൂസ്, 24 മണിക്കൂറും ചൂടുവെള്ളം എന്നീ സൗകര്യങ്ങളും ലഭ്യമാക്കണം, കുടിക്കുന്നതിനായി മിനറൽ വാട്ടർ നൽകണമെന്നും ശശികല ജയിൽ അധികൃതർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമേഹമുള്ളതിനാലാണ് വീട്ടിലുണ്ടാക്കിയ ഭക്ഷണവും സഹായിയെയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ശശികലക്ക് കട്ടിലും മെത്തയും ടെലിവിഷൻ സൗകര്യവുമുൾപ്പെടെയുള്ള പ്രത്യേക സെല്ലാണ് അനുവദിക്കുകയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ സഹായിയെ അനുവദിക്കുമെന്നും എന്നാൽ മറ്റു തടവുകാർക്കു നൽകുന്ന ഭക്ഷണമാണ് ശശികലക്കും നൽകാൻ കഴിയുകയെന്നും അധികൃതർ വ്യക്തമാക്കി.
