മോദിയേയും ശാസ്ത്രജ്ഞരേയും വിശ്വാസമില്ലാത്ത മുസ്ലിംകൾ പാകിസ്ഥാനിലേക്ക് പോണം -ബി.ജെ.പി എം.എൽ.എ
text_fieldsരാജ്യത്തെ ശസ്ത്രജ്ഞരേയും പൊലീസിനേയും നരേന്ദ്രമോദിയേയും വിശ്വാസമില്ലാത്ത മുസ്ലിംകൾ പാകിസ്ഥാനിലേക്ക് പോണമെന്ന് ബി.ജെ.പി എം.എൽ.എ സംഗീത് സോം. 'നിർഭാഗ്യവശാൽ ചില മുസ്ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരെയും പോലീസിനെയും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല. അവർക്ക് പാകിസ്ഥാനിൽ വിശ്വാസമുണ്ട്. അവിടേക്ക് പോകാം. പക്ഷേ ശാസ്ത്രജ്ഞരെ സംശയിക്കരുത്'-ചന്ദൗസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ സംഗീത് സോം പറഞ്ഞു.
തിങ്കളാഴ്ച അറസ്റ്റിലായ ആം ആദ്മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതി ഗുണ്ടകളുടെ ഭാഷയാണ് ഉപയോഗിക്കുന്നതെന്നും സോംനാഥ് ഭാരതിയുമായി സഹകരിക്കുന്നതിനാൽ അരവിന്ദ് കെജ്രിവാളിന്റെ ബുദ്ധി ദുഷിച്ചതായും ബിജെപി നേതാവ് പറഞ്ഞു. നേരത്തേയും പ്രകോപനപരമായ പരാമർശങ്ങൾ സോം നടത്തിയിട്ടുണ്ട്. കർഷകരുടെ പ്രക്ഷോഭത്തെക്കുറിച്ചും അപകീർത്തികരമായ പരാമർശങ്ങൾ സോം നടത്തി. പ്രക്ഷോഭം നടത്തുന്നവരിൽ ആരും കർഷകരല്ലെന്നും മറിച്ച് അവർ കർഷക വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദൗസിയിലെ ആശിഷ് ഗാർഡനിൽ ഭാരതീയ ജനത മോർച്ചയുടെ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു സംഗീത് സോം.

