പശ്ചിമബംഗാളിൽ സി.എ.എ നടപ്പാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ട് സുവേന്ദു അധികാരി
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ സി.എ.എ നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളുൾപ്പടെ കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സുവേന്ദു അധികാരി പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 40 മിനിറ്റ് നീണ്ടു നിന്നു.
സി.എ.എ നടപ്പാക്കാനുള്ള ശ്രമങ്ങൾ അഞ്ച് സംസ്ഥാനങ്ങൾ ആരംഭിച്ചിട്ടുണ്ട്. പശ്ചിമബംഗാൾ വേറെ രാജ്യമല്ല. രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് സി.എ.എയെ സ്വാഗതം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ മറ്റൊരു രാജ്യമാണെന്നാണ് ചിലർ ചിന്തിക്കുന്നതെന്ന് മോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സുവേന്ദു അധികാരി പറഞ്ഞു.
പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്ഥാനത്ത് സി.എ.എ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മമത ബാനർജിക്കെതിരെ നന്ദിഗ്രാമിൽ നിന്ന് മത്സരിച്ച സുവേന്ദു അധികാരി ജയിച്ചിരുന്നു.

