തെലങ്കാന: മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കട്ടെയെന്ന് നിയുക്ത എം.എൽ.എമാർ
text_fieldsസർക്കാർ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കുന്നതിനായി തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ എ. രേവന്ത് റെഡ്ഡി, പാർട്ടി നേതാക്കളായ എൻ. ഉത്തംകുമാർ റെഡ്ഡി, ഡി.കെ ശിവകുമാർ, മണിക്റാവു താക്കറെ എന്നിവർ ഗവർണർ തമിളിസൈ സൗന്ദർരാജനെ സന്ദർശിക്കുന്നു
ഹൈദരാബാദ്: തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിശ്ചയിക്കട്ടെയെന്ന് നിയുക്ത എം.എൽ.എമാർ. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെയും തെലങ്കാനയുടെ ചുമതലയുള്ള മണിക്റാവു താക്കറെയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
എം.എൽ.എമാർ ഒറ്റക്കെട്ടായാണ് തീരുമാനത്തിൽ എത്തിയതെന്ന് ഡി.കെ. ശിവകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. മുഴുവൻ എം.എൽ.എമാരും ഇതിനോട് യോജിച്ചു. അതേസമയം, മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം തേടുന്നതിന് ഡി.കെ. ശിവകുമാർ ഓരോ എം.എൽ.എയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡിക്ക് തന്നെയാണ് മുൻഗണന.

