മൻമോഹനും അദ്വാനിക്കും വീട്ടിൽ വോട്ട്
text_fieldsമുൻ ഉപരാഷ്ട്രപതി ഡോ.ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി എന്നിവർ ‘വീട്ടിലെ വോട്ട്’ ചെയ്തശേഷം വിരലിലെ മഷിയടയാളം ഉയർത്തിക്കാണിക്കുന്നു
ന്യൂഡൽഹി: ഒരു കാലത്ത് രാജ്യത്തെ നയിച്ച ജീവിച്ചിരിക്കുന്ന പല നേതാക്കളും ഇക്കുറി സ്വന്തം വീട്ടിലാണ് വോട്ട് രേഖപ്പെടുത്തിയത്. 85 കഴിഞ്ഞവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ ഏർപ്പെടുത്തിയ ‘വീട്ടിൽ വോട്ട്’ സംവിധാനം ഇതിനകം പ്രയോജനപ്പെടുത്തിയത് മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ഉൾപ്പെടെയുള്ള നിരവധി നേതാക്കളാണ്.
മേയ് 25ന് വോട്ടെടുപ്പ് നടക്കുന്ന ഡൽഹിയിൽ, വീട്ടിലെ വോട്ട് പ്രയോജനപ്പെടുത്തിയവരിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, മുൻ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി തുടങ്ങിയ പ്രമുഖരാണ്.
ഡൽഹിയിൽ 5406 ആളുകളാണ് വീട്ടിൽ വോട്ടു ചെയ്യാൻ അപേക്ഷ നൽകിയിട്ടുള്ളത്. ഇതിൽ ആദ്യത്തെ രണ്ട് ദിവസത്തിനുള്ളിൽതന്നെ നാലായിരത്തോളം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. മേയ് 24 വരെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.

