താമരക്ക് വോട്ട്: പ്രശ്നം തീർത്തെന്ന് വരണാധികാരി
text_fieldsകാസർകോട്: വോട്ടിങ് മെഷീനിൽ താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന സാങ്കേതികപ്രശ്നം പരിഹരിച്ചുവെന്ന് പാർലമെന്റ് മണ്ഡലം വരണാധികാരി കൂടിയായ കലക്ടർ കെ. ഇമ്പശേഖർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരാതിക്കിടയാക്കിയ വോട്ടിങ് യന്ത്രങ്ങളിൽ 1000 വോട്ട് വീതം മോക്ക് പോളായി ചെയ്തു.
തെറ്റായി ഒന്നും ഉണ്ടായിരുന്നില്ല. ഇത് ബോധ്യപ്പെട്ട് എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സർട്ടിഫിക്കറ്റിൽ ഒപ്പിട്ട് നൽകിയിട്ടുണ്ട്. മൂന്ന് ഘട്ടമായി മോക്ക്പോൾ നടത്തുന്നുണ്ട്. ആദ്യഘട്ട പരിശോധന നേരത്തേ കഴിഞ്ഞു. രണ്ടാംഘട്ടമാണ് ഇപ്പോൾ നടന്നത്. മൂന്നാംഘട്ടം വോട്ടെടുപ്പ് ദിനത്തിൽ പോളിങ് കേന്ദ്രത്തിൽ നടക്കും. അന്നേരം 50 വോട്ട് വീതം ചെയ്ത് അതിന്റെ വിവി പാറ്റ് സ്ലിപ്പുകൾ സൂക്ഷിച്ചുവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

