50 ലക്ഷത്തോളം രൂപയുടെ തിമിംഗല ഛർദി പിടികൂടി
text_fieldsകൊച്ചി: വിൽപനക്കെത്തിച്ച 1.4 കിലോ ആംബർഗ്രീസുമായി (തിമിംഗല ഛർദി) മൂന്നുപേർ പിടിയിൽ. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളായ അബുമുഹമ്മദ് അൻവർ, മുഹമ്മദ് ഉബൈദുല്ല, സിറാജ് എന്നിവരാണ് കടവന്ത്രയിൽനിന്ന് വനം വകുപ്പിെൻറ പിടിയിലായത്.
എറണാകുളം വനം വിജിലൻസ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ, തൃശൂർ ഫ്ലയിങ് സ്ക്വാഡുകളും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും ചേർന്നുള്ള പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്. ഒരു കിലോ ബ്ലാക്ക് ആംബർ ഗ്രീസും 400 ഗ്രാം വരുന്ന വൈറ്റ് ആംബർഗ്രീസുമാണ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആംബർ ഗ്രീസ് വാങ്ങാനെന്ന് പ്രതികളെ തെറ്റിദ്ധരിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അവർ ഒരു കിലോക്ക് 65 ലക്ഷം രൂപയാണ് ചോദിച്ചത്. തുടർന്ന് നേരിൽക്കാണാമെന്ന് പറഞ്ഞതിെൻറ അടിസ്ഥാനത്തിൽ കടവന്ത്രയിൽ എത്തിയാണ് പ്രതികളെ കുടുക്കിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഊഹക്കച്ചവടത്തിലൂടെയാണ് ആംബർഗ്രീസ് വിൽപന നടക്കുന്നത്.

