മാണിയുമായി ജോസഫ് ഗ്രൂപ് നേതാക്കൾ ചർച്ച നടത്തി
text_fieldsതിരുവനന്തപുരം: കെ.എം.മാണിയുടെ രാജിയുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ജോസഫ് വിഭാഗം നേതാക്കൾ മാണിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി പി.ജെ.ജോസഫിനോടൊപ്പം നിൽക്കുന്ന എം.എൽ.എമാരായ ടി.യു കുരുവിള, മോൻസ് ജോസഫ് എന്നിവരാണ് മാണിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ചൊവ്വാഴ്ച മാണിയോടൊപ്പം രാജിവെക്കണമെന്ന ആവശ്യത്തിൽ നിഷേധാത്മക സമീപനം സ്വീകരിച്ചതോടെ ജോസഫും മാണിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണിരുന്നു. കൂടിക്കാഴ്ചയോടെ ഇത് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. പാർട്ടിയിൽ ഭിന്നതയില്ല എന്ന് കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും മാധ്യമങ്ങളോട് പ്രതികരിച്ചു.
ശനിയാഴ്ച പാലായിൽ മാണിക്ക് നൽകുന്ന സ്വീകരണത്തിൽ ജോസഫ് വിഭാഗം സഹകരിക്കും. ആദ്യസ്വീകരണം തിരുവനന്തപുരത്തെ പട്ടത്തതായിരിക്കും സംഘടിപ്പിക്കുക. പട്ടം മുതൽ പാലാ വരെയുള്ള എല്ലാ സ്വീകരണയോഗങ്ങളിലും ജോസഫ് വിഭാഗവും പങ്കെടുക്കുമെന്നാണ് അറിയുന്നത്.
