വി.എസിനെ നേതാവാക്കിയാൽ എൽ.ഡി.എഫിന് ഗുണം ചെയ്യും -കാനം
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ മുൻനിർത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എൽ.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിലും വി.എസാണ് മുന്നണിയെ നയിച്ചത്. എന്നാൽ, ഇക്കാര്യം തീരുമാനിക്കേണ്ടത് സി.പി.എം ആണെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐയിലും നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥികൾക്ക് പ്രായപരിധിയില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം പാർട്ടി സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
വി.എസിനെ നേതാവാക്കുന്നത് സംബന്ധിച്ച കാനം രാജേന്ദ്രന്റെ പ്രസ്താവനയെ പിന്തുണക്കുന്നതായി സി.പി.െഎ നിയമസഭാ കക്ഷി നേതാവ് സി. ദിവാകരൻ പ്രതികരിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമാണ്. വി.എസ് നയിക്കണമെന്ന തന്റെ നിലപാടിനെ കാനം പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
