ഉമ്മൻചാണ്ടിക്കെതിരായ പരാമർശം: വി.എസിന് മറുപടിയുമായി മന്ത്രി കെ.സി ജോസഫ്
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രി ഉമ്മൻചാണ്ടി പകൽ കോൺഗ്രസുകാരനും രാത്രി ആർ.എസ്.എസുകാരനും ആണെന്ന വി.എസ് അച്യുതാനന്ദന്‍റെ പ്രസ്താവനക്കെതിരെ മന്ത്രി കെ.സി ജോസഫ്. വി.എസിന്‍റെ വാക്കുകൾ അദ്ദേഹത്തിന്‍റെ നിലവാര തകർച്ചയെയാണ് കാണിക്കുന്നതെന്ന് കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ മുഖ്യമന്ത്രി കൂടിയായ വി.എസ്, നേതാവിന് യോജിച്ച രീതിയിൽ കുറച്ചുകൂടി മാന്യമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫിന് ഭരണം ലഭിക്കാത്ത വിഷയത്തിൽ കെ.സി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഭരണം ലഭിക്കാത്തതിന്‍റെ പേരിൽ ആരെയും ബലിയാടാക്കാൻ ശ്രമിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാവില്ല. അമിതമായ ആത്മവിശ്വാസം തങ്ങൾക്ക് തിരിച്ചടിയായി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട എം.എം ഹസന്‍റെ വാക്കുകൾ കെ. സുധാകരൻ തെറ്റിദ്ധരിച്ചതാണ്. ഇക്കാര്യത്തിൽ മറുപടി പറയുന്നില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
