സി.സി ടി.വി ദൃശ്യ പരിശോധന ആരംഭിച്ചു
text_fieldsകൊല്ലം: വെടിക്കെട്ട് ദുരന്തമുണ്ടായ പുറ്റിങ്ങല്‍ ക്ഷേത്രത്തിലും പരിസരത്തുമുള്ള സി.സി ടി.വി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു. ക്ഷേത്രത്തില്‍ നാല് മൂലക്കായി സ്ഥിരമായി സ്ഥാപിച്ച സി.സി ടി.വി കാമറകളുണ്ട്. ഇതിന് പുറമെ ക്ഷേത്രത്തിനുപുറത്തും താല്‍ക്കാലിക കാമറകള്‍ സ്ഥാപിച്ചിരുന്നു. പുറത്ത് സ്ഥാപിച്ച കാമറകള്‍ വെടിക്കെട്ടപകടത്തില്‍ തകര്‍ന്നെങ്കിലും അതുവരെയുള്ള ദൃശ്യങ്ങള്‍ ലഭിക്കും.
എന്നാല്‍, ക്ഷേത്രത്തിനകത്തെ കാമറയില്‍നിന്നുള്ള ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തുകൊണ്ടിരുന്നതിനാല്‍ പഴയ ദൃശ്യങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. കണ്ട്രോള് യൂനിറ്റിലെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്താല്‍ എന്താണ് സംഭവിച്ചതെന്ന് അറിയാം. ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം സി.സി.ടി.വികള്‍ പൊലീസ് സീല്‍ ചെയ്ത് സൂക്ഷിക്കും. ക്ഷേത്രപരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെടുത്തു.
അതേസമയം, വെടിക്കെട്ടില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ കണക്കെടുപ്പ് പൂര്‍ത്തിയായി. 250ഓളം കെട്ടിടങ്ങള്‍ക്കാണ് തകരാറുണ്ടായത്. ഒരു കെട്ടിടം പൂര്‍ണമായി തകര്‍ന്നു. 220 കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയാറാക്കി.
