ഉഡായിപ്പ് പ്രചാരണവുമായി വി.എസ് രംഗത്തിറങ്ങിയിരിക്കുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: താന്‍ എഴുതാത്തതും അറിയാത്തതുമായ ഒരു കത്ത് ഉയര്‍ത്തിക്കാട്ടിയാണ് വി.എസിന്റെ ഇപ്പോഴത്തെ പ്രചാരണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിക്കു പോലും അനഭിമതനായ വി.എസ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ നട്ടാല്‍ കുരുക്കാത്ത നുണകളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
വി.എസ് വീണ്ടും ഉഡായിപ്പ് പ്രചാരണവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഹൈക്കമാന്റ് പോലും അങ്ങിനെ ഒരു കത്ത് ലഭിച്ചില്ലെന്ന് പറഞ്ഞതാണ്.
നാല് വോട്ട് തട്ടാന്‍ ഏതറ്റംവരെയും പോകുമെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇത്. ഈ ബഡായിയൊന്നും ജനങ്ങളുടെ മുന്നില്‍ വിലപ്പോവില്ലെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ ചെന്നിത്തല ആരോപിക്കുന്നു.
സംസ്ഥാനത്തെ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും പേരുകളിലായി 136 കേസ്സുണ്ടെന്ന് വ്യാജപ്രചരണം നടത്തുന്ന വി.എസ് യഥാര്‍ഥത്തില്‍ 56 കേസുള്ള അഴീക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നികേഷ് കുമാറിനെക്കുറിച്ചും കൊലക്കേസ് പ്രതിയായ ഇരവിപുരം സ്ഥാനാര്‍ഥി നൗഷാദിനെക്കുറിച്ചും മിണ്ടുന്നില്ല. ഇവര്‍ മല്‍സരിക്കുന്ന സ്ഥലങ്ങളില്‍ പ്രചരണത്തിന് പോകുമോയെന്ന് വി എസ് വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി ഹൈക്കമാന്‍ഡിന് ചെന്നിത്തല അയച്ച കത്ത് ബുധനാഴ്ച്ച എറണാകുളത്തെ പ്രചാരണ യോഗത്തില്‍ വി.എസ് വായിച്ചിരുന്നു. ഇതിനെതിരെയാണ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.
