ബാർകോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്
text_fieldsതിരുവനന്തപുരം: മാണിക്കെതിരായ ബാർകോഴക്കേസിൽ തുടരന്വേഷണത്തിന് ഉത്തരവ്. വിജിലൻസ് എസ്.പി ആർ സുകേശന്‍റെ ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സുതാര്യമായി അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശം.
അന്വേഷണം ആവശ്യപ്പെട്ട് പതിനൊന്നോളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ കോടതിയിൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. തുടരന്വേഷണം വേണമെന്ന് തന്നെയാണ് വിജിലൻസിന് ലഭിച്ച നിയമോപദേശം. ഇത് കോടതിയും അംഗീകരിക്കുകയായിരുന്നു.
എന്നാൽ ആരാണ് അന്വേഷണം നടത്തണമെന്നത് സംബന്ധിച്ച് കോടതിയുടെ ഭാഗത്തുനിന്നും നിർദേശമുണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. ഇക്കാര്യം വിജിലൻസ് ഡയറക്ടറായിരിക്കും തീരുമാനിക്കുക.
ബാർകോഴക്കേസ് വിജിലൻസ് മുൻഡയറക്ടർ ശങ്കർറെഡ്ഡി അട്ടിമറിച്ചുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ആർ. സുകേശൻ കോടതിയെ സമീപിച്ചിരുന്നു. ശങ്കർ റെഡ്ഡി കേസ് ഡയറിയിൽ നിർബന്ധിച്ച് കൃത്രിമം കാണിച്ചു എന്നും സുകേശൻ ആരോപിച്ചിരുന്നു.
