മാണിയുടെ പ്രസ്താവന: മുന്നണി ബന്ധത്തെ ബാധിക്കില്ല -സുധീരൻ
text_fieldsതിരുവനന്തപുരം: രാഷ്ട്രീയത്തില്‍ പലരേയും വിശ്വസിക്കാന്‍ കഴിയില്ലെന്ന മുന്‍ ധനമന്ത്രി കെ.എം. മാണിയുടെ പ്രസ്താവന മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ പ്രതികരണം. മുന്നണി ബന്ധം കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തിൽ പലരെയും വിശ്വസിക്കാൻ കഴിയില്ലെന്നും എന്നാൽ കുഞ്ഞാലിക്കുട്ടിയെ വിശ്വസിക്കാം എന്നുമാണ് മാണി പറഞ്ഞത്.
കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്രയുടെ സ്വീകരണ വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കെട്ടിപ്പിടിച്ച് പുണരുകയും കുതികാൽവെട്ടുകയും ചെയ്യുന്നവരുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ കൂടെ നിന്നാൽ ചതിക്കില്ല. അദ്ദേഹത്തിന് രണ്ടു മുഖങ്ങളുമില്ലെന്നും മാണി പറഞ്ഞു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നതായി മാണി ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ യു.ഡി.എഫിലെയും മന്ത്രിസഭയിലെയും പ്രമുഖര്‍ക്ക് എതിരെയുള്ള പരോക്ഷ വിമര്‍ശമണ് മാണി ഉന്നയിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
