കാണാതായവരിൽ തിരുവനന്തപുരം സ്വദേശിനിയും
text_fieldsതിരുവനന്തപുരം: കേരളത്തിൽ നിന്ന് കാണാതായ 15 പേരിൽ തിരുവനന്തപുരം സ്വദേശിനിയും ഉൾപെട്ടതായി പരാതി. ആറ്റുകാല്‍ സ്വദേശിനിയായ ബിന്ദുവാണ് മകളെ കാണാനില്ലെന്ന് പരാതിപ്പെട്ടിരിക്കുന്നത്. പാലക്കാട് സ്വദേശി ഈസയുടെ ഭാര്യ ഫാത്തിമ എന്ന നിമിഷയെയാണ് കാണാതായത്.
കാസർഗോഡ് ബി.ഡി.എസ് വിദ്യാര്‍ഥിനിയായിരിക്കേയാണ് നിമിഷയെ ഈസ വിവാഹം കഴിച്ചത്. പിന്നീട് പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് സ്റ്റേഷനിലും കോടതിയിലും ഹാജരാക്കി മകളെ ഈസക്കൊപ്പം വിട്ടു. പിന്നീട് ഇവരെക്കുറിച്ചു ഒരു വിവരവും ഇല്ലായിരുന്നു. നാലുമാസം കഴിഞ്ഞപ്പോൾ മകൾ താനുമായി ഫോണിൽ ബന്ധപ്പെടുകയും രണ്ടുപേരും കാണുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഗർഭിണിയായ മകൾ തങ്ങൾ ശ്രീലങ്കയിലേക്കു പോകുകയാണെന്ന് അറിയിച്ചു. ഇക്കഴിഞ്ഞ ജൂൺ നാലു വരെ മകളുടെ മെസേജുകൾ വന്നു കൊണ്ടിരുന്നു. പിന്നീട് ഒന്നും അറിയില്ല.
തുടർന്ന് ജൂൺ 15ന് പാലക്കാട് ചെന്ന് ഇസായുടെ മാതാപിതാക്കളെയും കൂട്ടി ഹർജി നൽകാൻ തീരുമാനിച്ചു. ശ്രീലേഖ ഐ.പി.എസിനെ ഇക്കാര്യം അറിയിച്ചെങ്കിലും കാര്യമായ അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ബിന്ദു വ്യക്തമാക്കി.
