കെ.എസ്.യു സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി
text_fieldsതിരുവനന്തപുരം: എസ്. എഫ്.ഐയുടെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജില്‍ സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി അടക്കമുള്ള നേതാക്കള്‍ക്ക് പരിക്കേറ്റു. ലാത്തിയടിയില്‍ തലക്ക് പരിക്കേറ്റ വി.എസ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാര്‍ച്ച് സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. സെക്രട്ടേറിയറ്റിന്റെ നോര്‍ത്ത് ഗേറ്റിന് മുകളിലും പോലീസ് ബാരിക്കേഡിന് മുകളിലും കയറി നിന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പൊലീസിനോട് വഴക്കിടുകയും കൈയേറ്റ ശ്രമം നടത്തുകയും ചെയ്തു. അതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു.
ചിതറിയോടിയ പ്രവര്‍ത്തകരില്‍ പലരും നിലത്തുവീണു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംസ്ഥാന അധ്യക്ഷന്‍ വി.എസ്.ജോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഹോസ്റ്റലിന് മുന്നില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റിയില്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യുക്കാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
